Monday, October 27, 2008

മധുരമാം ഒരു ശംഖിന്‍ ധ്വനി ശ്റ്ംഗമുണരുമ്പോള്‍
മനസ്സിന്റെ കോവിലില്‍ പദ സാധകം
മധുകണം ചൊരിയുന്ന് മലരുകള്‍ മിഴിയുമ്പോള്‍
മകരന്തം ഉതിരുന്ന നവ ഭാവുകം..
ധ്വനിയിതു സുഖദധ്വനീ....കദനം
വിരിയുന്ന സുക്റ്ത ധ്വനീ................/മധുരമാം...
ഇവിടെ സുഗന്ധം പരത്തുന്നു ഞങ്ങളീ
കവിയുന്നൊരനുഭൂതി, അഴകേകുന്നൂ
തരള തരംഗത്തിന്‍ രാഗില ഭാവങ്ങള്‍
കരകവിയുന്നൊരീ ധന്യവേദീ....
ധ്വനിയിതു പുളക ധ്വനീ..കമലം
വിരിയുന്ന പ്രമദധ്വനീ...................../മധുരമാം...
ഇവിടെയുണര്‍ത്തുന്നു മാനസം ഞങ്ങളീ
സവിധത്തിലൊരു താളലയമേകുന്നൂ
ശ്രുതിയിലലിഞ്ഞു സുഗന്ധ പരാഗങ്ങള്‍
സ്വരസുധ പരിവേഷമാസ്വദിപ്പൂ...
ധ്വനിയിതു മധുരധ്വനീ...കരുണം
വിരിയുന്ന ഹ്റ്ദയധ്വനീ..................../മധുരമാം...
വെറുതെ ഞാനൊരു യാത്ര പോയി...എന്‍ മനം
പറയുന്ന വീധിയിലൂടേ..
നിറദീപമാലകള്‍ തോരണം ചാര്‍ത്തിയ
വിരിയുന്ന വീധിയിലൂടേ......................./വെറുതെ...
ഒരു നിലാപ്പുഞ്ചിരി തൂകിയെന്‍ ചാരത്തു
പനിമതി പോലവള്‍ വന്നൂ
അന്നെന്റെ ജീവനില്‍ ഒരു മാത്ര നേരമെന്‍
പൊന്‍ വിളക്കായവള്‍ നിന്നൂ................../വെറുതെ....
പൂമണം വീശിത്തലോടുന്ന രാവന്നു
പൂത്തിരുവാതിര പോലേ
ഏതോ വിഹായസ്സില്‍ പാറിനാമന്നൊരു
പീതാംബര മലര്‍ പോലേ.................../വെറുതെ....
ഇന്നലെ ഒരുവട്ടം കണ്ടപ്പോള്‍ നീയെന്തെ..
ഒന്നും പറയാതെ പോയ് മറഞ്ഞൂ...
എന്നും മനസ്സിന്റെ കണ്ണാടിയായൊരാ
പൊന്മുഖമെന്തേ തുടുത്തു നിന്നൂ................/ഇന്നലെ..
വര്‍ണ്ണിക്കുവാന്‍ വയ്യാതെന്നുമൊരുന്മാദ
സ്വര്‍ണ്ണ കപോലങ്ങള്‍ വിതുമ്പി നിന്നൂ
കണ്‍കളില്‍ തിങ്ങി മറയുന്ന നവരസം
മണിമുത്തു വീണെന്തേ..ഈറനായി............../ഇന്നലെ...
അറിയാതെ പലതും ഞാന്‍ പറയുന്ന മാത്രയില്‍
നിറയുന്ന പരിവേഷം എങ്ങുപോയീ..
നിറദീപമായെന്റെ മുന്നില്‍ തെളിയുന്ന
നിറമുള്ള മോഹങ്ങള്‍ എങ്ങുപോയീ....../ഇന്നലെ...
ഓര്‍മ്മയിലൊരുവട്ടം കൂടിഞാന്‍ നിന്നുടെ
ചാരത്തു വന്നു നിന്നൂ....വീണ്ടും
ചാരത്തു വന്നു നിന്നൂ
നിര്‍മ്മല രാഗിലെ ഭാവങ്ങളായൊരു
നീഹാര മണ്ഡപം തീര്‍ത്തു................../ഓര്‍മ്മ...
കാലില്‍ച്ചിലമ്പൊലി ചാര്‍ത്തിവന്നെന്തിനു
കാതര മോഹങ്ങള്‍ തീര്‍ത്തൂ..നവനവ
കാതര മോഹങ്ങള്‍ തീര്‍ത്തൂ
കാവ്യമനോഹര വേദിയിലന്നെന്റെ
മോഹസങ്കല്പ്പങ്ങള്‍‍ പൂത്തൂ...പ്രേമത്തിന്‍
മോഹസങ്കല്പ്പങ്ങള്‍ പൂത്തൂ........................./ഓര്‍മ്മ....
എന്നും മനസ്സിന്റെ വീണതന്‍ തന്ത്രയില്‍
പൊന്‍ വിരല്‍ ഈണമായ് മാറി..മന്ദമായ്
പൊന്‍ വിരല്‍ ഈണമായ് മാറീ
എന്നേ മറന്നു ഞാന്‍ എല്ലാമലിഞ്ഞേതോ
നീലവിഹായസ്സിലൂടേ....മാസ്മര
നീലവിഹായസ്സിലൂടേ......................../ഓര്‍മ്മ....
വെറുതെ ഞാനോര്‍ത്തുപോയ് എന്‍ സ്വപ്ന വേദിയില്‍
ഒരുവേള നീ വന്നു ചേര്‍ന്നുവെങ്കില്‍
നിറയുമെന്നുള്ളത്തില്‍ വിരിയുന്ന പൂക്കള്‍ പോല്‍
നറുമണം വീശി നീ വന്നുവെങ്കില്‍.............../വെറുതെ...
ചന്ദന ഗന്ധം പരത്തിയാ വാടിയില്‍
ചന്ദ്രിക പാലൊളി തൂകി നില്‍ക്കേ
മന്ദമായ് ചാരത്തു വന്നു നീയെന്‍ കാതില്‍
എന്തോ സ്വകാര്യം പറഞ്ഞു നില്‍ക്കേ........../വെറുതെ....
പുതിയ പ്രഭാതത്തില്‍ മധുരാനുഭൂതിയില്‍
കതിരൊളിമേനി തലോടിടുമ്പോള്‍
തഴുകുന്നൊരെന്‍ ദിവ്യ രാഗമോഹങ്ങളില്‍
ഒഴുകി ഞാന്‍ വീണ്ടും മയങ്ങിയല്ലോ......./വെറുതെ....
ഒന്നിങ്ങു വന്നെങ്കിലെന്നു കൊതിച്ചു ഞാന്‍
ഒന്നായിരിക്കുവാനായി മാത്രം
എന്നും മനസ്സിന്റെ ഉള്ളില്‍ തിളങ്ങുന്ന
പൊന്‍ ദീപമാകുവാനായി മാത്രം....../ഒന്നിങ്ങു...
ഓര്‍ത്തിരുന്നെത്ര നാള്‍ മാനസം പങ്കിടാന്‍
ഓടിയെത്തുന്നതും നോക്കി നില്‍ക്കേ
ഓമനപ്പൂമുഖം കൈക്കുമ്പിളില്‍ മെല്ലെ
ഓമനിച്ചീടുവാന്‍ മോഹ ഭാവം.........../ഒന്നിങ്ങു..
തൂമന്ദഹാസത്തില്‍ വിരിയുന്ന മുഖപടം
പൂമണം പേറി വരുന്ന പോലെ
പൂര്‍ണ്ണേന്ദു മുഖിയെന്റെ ചാരത്തു വന്നു പൊന്‍..
പൂന്തിങ്കളൊളി മിന്നുമെന്ന പോലെ......../ഒന്നിങ്ങു...
ഒന്നിങ്ങു വന്നെങ്കിലെന്നു തോന്നി
ഒന്നായിരുന്നെങ്കിലെന്നു തോന്നി
എന്നും മനസ്സിന്റെ ഉള്ളില്‍ തുടിക്കുന്ന
സ്പന്ദനമായെങ്കിലെന്നു തോന്നി
ഒന്നായിരുന്നെങ്കിലെന്നു തോന്നി.........../ഒന്നിങ്ങു...
ഞാന്‍പാടുമീരടിപ്പാട്ടിന്റെ ഈണമായ്
പൊന്‍ വീണയില്‍ നീ വിരിഞ്ഞുവെങ്കില്‍
എന്നുമാ തന്ത്രിയില്‍ ഒഴുകുന്ന നാദത്തില്‍‍
പൊന്നൊളി ശ്രുതിയായലിഞ്ഞു നില്‍ക്കും...../ഒന്നിങ്ങു..
ഏതോ സുഖത്തിന്റെ ലാളനയേറ്റു ഞാന്‍
ഏതോ വിഹായസ്സില്‍ നിന്നീടവേ..
കാതരയായി നീ കാണാക്കിനാവിന്റെ
ചേതോഹര രൂപമായി നിന്നൂ............./ഒന്നിങ്ങു...