Sunday, October 26, 2008

അമ്മേ കനിയണം കാക്കുമാറകണം
ചെമ്മേയെന്നുള്ളത്തില്‍ വിളയാടണം
ആമോദമെന്നും മനസ്സില്‍ തുടിക്കുവാന്‍
ആമാറിലെന്നെന്നും കുളിരാകണം...
ഇരുമിഴിപൂട്ടി മനസ്സില്‍ ഞാനുരുവിടും
ഇടറുമെന്‍ നാമത്തില്‍ മിഴിവേകണം
ഈശ്വരീ സത്യസ്വരൂപിണി ചിന്മയീ
ശാശ്വത സ്നേഹ പ്രകാശ വാണീ..
ഉള്ളത്തിലമ്മേ നിന്‍ നാമങ്ങളനുദിനം
തുള്ളിത്തുളുമ്പിത്തിളങ്ങിടേണം
ഊഴിയിലെന്‍ ജന്മം അവിടുത്തെ പാദങ്ങള്‍
തഴുകുവാന്‍ എന്നെന്നും വരം നല്‍കണം
എന്നും കനിഞ്ഞെന്റെ കീര്‍ത്തന മലരുകള്‍
മിന്നും നിന്‍ നടയിലെ പ്രഭയാകണം
ഏഴു സ്വരങ്ങളും ചേര്‍ക്കുമ്പോളമ്മേ നിന്‍
ഏഴഴകും കൂടി ചേര്‍ത്തിടേണം
ഐശ്വര്യ ദായികേ അമ്മേയെന്നകതാരില്‍
ശാശ്വത സ്നേഹത്തിന്‍ കനിവേകണം
ഒന്നുമില്ലാത്തൊരീയെന്‍ നാവില്‍ നിത്യവും
നിന്‍ നാമ വചനങ്ങള്‍ ഒഴുകിടേണം
ഓരോരോ ദിനമെന്റെ നാന്ദി കുറിക്കുവാന്‍
കാരുണ്യ വാരിധേ കാത്തിടേണം
ഔദാര്യമേകിയെന്‍ ജീവനില്‍ വന്നു നീ
അമ്മേ അനുഗ്രഹമേകിടേണം
അംബികേ ദേവീ മനോഹരീ മോഹിനീ
കുമ്പിടുന്നെന്നുമാ പാദാരത്തില്‍
അടിയന്റെയുള്ളത്തിലൊരുമാത്രയെങ്കിലും
അമ്മേ കനിഞ്ഞെങ്കില്‍ ധന്യനായി...

No comments: