Sunday, October 26, 2008

ആര്‍ദ്രഗീതം
വന്നിടാം മാവേലി വീണ്ടും മലയാള-
പ്പൊന്നോണ നാളിന്റെ ഓര്‍മ്മയായി
മിന്നുന്ന പൂക്കളാല്‍ തോരണം ചാര്‍ത്തിയാ
മന്നിതിന്‍ മണമൂറുമോര്‍മ്മയായി
കാണുവാനുണ്ടിന്നു കേരളം പേറുന്ന
കാണാത്തൊരായിരം ഭാവമാറ്റം
കാണുവാനായില്ലയെങ്കില്‍, ശ്രമിച്ചിടാം
കാണാമറയത്തൊരാര്‍ദ്ര ഗീതം
പൂവിളി കേള്‍ക്കുവാനായില്ലയെങ്കിലും
പോര്‍ വിളിയെന്നും സുലഭമാവാം
പൂവില്ല, പൂക്കളം തീര്‍ക്കുവാനിടമില്ല
പാരിന്റെ പച്ചപ്പരപ്പുമില്ല
ആറപ്പുവിളിയില്ല, അഴകിന്റെ വേദിയില്‍
ആളിമാരാടുന്ന കേളിയില്ല
നാടിന്റെയീണമായ് എന്നും തുടിക്കുന്ന
പാട്ടിന്റെ, പേരും പെരുമയില്ല
മലരണിക്കാടില്ല, മണമില്ല, മധുവില്ല
മാലോകരെയൊന്നും കാണ്മതില്ല
മാനസം പങ്കിടാന്‍ മിഴിവാര്‍ന്ന ഭാഷതന്‍
മാറ്റില്ല, 'മലയാള' മെങ്ങുമില്ല
മാവേലി വാണിരുന്നാനല്ല നാളിന്റെ
മാറാത്തൊരോര്‍മ്മകള്‍ മാത്രമായി
എങ്കിലും മാവേലിത്തമ്പുരാനെത്തിടാം
വീണ്ടുമായോര്‍മ്മക്കു മാറ്റുകൂട്ടാന്‍
ഓര്‍മ്മയിലുള്ളൊരാ തിരുവോണമപ്പാടെ
ഓരത്തു നീക്കിയിട്ടെത്തിടേണം
അല്ലെങ്കിലങ്ങതന്‍ മാനസം നീറിടും
പങ്കിലമായൊരീ നാടുകാണ്‍കില്‍
കാണുവാനായിടാമങ്ങേക്കു നീളവെ
കുണ്ടല്‍ക്കിടക്കുന്ന മര്‍ത്യഭാവം
കള്ളത്തരങ്ങളാലല്ലാതെ മറ്റൊന്നും
എള്ളോളമങ്ങേക്കു കാണുകില്ല
കല്ലുപോല്‍ മാനസം തീര്‍ത്തിട്ടു വന്നുകില്‍
തെല്ലും വിഷാദമില്ലാതെ പോകാം
തല്ലിന്റെയോണപ്പകിട്ടിലന്നുണ്ടായ
തല്ലല്ലയിന്നിന്റെയാരവങ്ങള്‍
നാടുവാണന്നങ്ങു നല്‍കിയ ചിത്രങ്ങള്‍
നാളേറെയായിട്ടുമെത്ര ധന്യം
നാടും നഗരവും നാള്‍ക്കുനാള്‍ മാറുന്ന
നാടിന്റെ പേരുമിന്നര്‍ധശൂന്യം
മാറ്റുവിന്‍ മാവേലി, വേഷങ്ങളല്ലെങ്കില്‍
മാറ്റുരച്ചീടുമിന്നക്ഷരാര്‍ധം
ഉറ്റവരങ്ങയെയെന്നും സ്മരിച്ചിടാം
വറ്റാത്തൊരോര്‍മ്മതന്‍ ദീപമായി..

No comments: