Sunday, October 26, 2008

കണ്ണനുണ്ടേ മനസ്സിലോരുണ്ണിയൊന്നുണ്ടേ
മണ്ണു വാരിക്കളിക്കുന്ന കുസ്റ്തിയുണ്ടേ
മണ്ണും വിണ്ണും കാണിച്ചെന്നെ മയക്കുന്നുണ്ടേ
കണ്ണു ചിമ്മിക്കയ്യിലാക്കും കുറുമ്പുമുണ്ടേ.........../കണ്ണ..
അമ്മയുടെയുള്ളം കോരും വിരുതുമുണ്ടേ...കയ്യില്‍
ആരും കേട്ടാലലിയുന്ന മുരളിയുണ്ടേ
ആനന്ദത്തില്‍ അലതല്ലും സമയമുണ്ടേ...പിന്നെ
ആരും കാണാതൊളിച്ചൊരു വെണ്ണയൂട്ടുണ്ടേ....../കണ്ണ..
ഗോകുലത്തില്‍ ബാലലീലാ മഹത്വമുണ്ടേ
ഗോക്കളുമായ് കാളിന്ദിയില്‍ കുളിയുമുണ്ടേ
ഗോപികമാരൊത്തു വിളയാട്ടവുമുണ്ടേ
ഗോവര്‍ദ്ധന ഗിരിയുടെ മോചനമുണ്ടേ........./കണ്ണ...
ഉണ്ണുവാനായ് വെണ്ണ കക്കും സുക്റ്തമുണ്ടേ
ഉറിയിലങ്ങൂഞ്ഞാലാടും മിടുക്കുമുണ്ടേ
ഉരലും വലിച്ചും കൊണ്ടോരോട്ടവുമുണ്ടേ
ഉറക്കം കെടുത്തും പല ലീലയുമുണ്ടേ......../കണ്ണ..
കൂട്ടുകാരുമായിട്ടെന്നും കളികളുണ്ടേ
കൂട്ടുകാരെ പാട്ടിലാക്കാന്‍ വിദ്യയുമുണ്ടേ
കൂട്ടിനെന്നും ചേരും ബലരാമനുമുണ്ടേ
കൂട്ടം തെറ്റി വീണ്ടും കൂടും മനസ്സുമൂണ്ടേ....../കണ്ണ..
കണ്ണനുണ്ടേ മനസ്സിലോരുണ്ണിയൊന്നുണ്ടേ
കണ്ണിലെന്നുമാമോദത്തിന്‍ പൂമഴയുണ്ടേ
കണ്ണഞ്ചുന്നോരഞ്ജനശ്രീ രൂപമൊന്നുണ്ടേ
കണ്ണനല്ലാതെന്റെയുള്ളില്‍ വേറെയാരുണ്ടേ....../കണ്ണ...

No comments: