Sunday, October 26, 2008

ഓണം ഒരു കാല്‍ച്ചുവട്ടില്‍
ഓണം വന്നെന്‍ മുറ്റം നിറയെ പൂക്കളമുണരുമ്പോള്‍
ഓര്‍മ്മകളറിയാതോടിയണഞ്ഞെന്‍ മനവും പൂക്കുന്നു
ഓണപ്പൂപോല്‍ നറുമണമുതിരും മധുരിതമാകുമ്പോള്‍
ഓടിനടന്നു കളിച്ചൊരു ബാല്യം തരളിതമാകുന്നു
എത്രസുഗന്ധ മരന്ദം ചൊരിയും പറയാമാനാളില്‍
സത്യമതെന്നുടെയുള്ളം നിറയും കുളിരാമമ്രുതഗണം
മിധ്യാഭാവം തെല്ലുമൊരിക്കലുമറിയില്ലൊരു നാളും
ഹ്റ്ദ്യതയെന്നും ചാരുതയോടെപ്പടര്‍ന്നു തിങ്ങുന്നു
അന്നെന്‍ ബാല്യവുമതിലുണരുന്നൊരു പുത്തന്‍ ചേതനയും
മിന്നിമറഞ്ഞു തെളിഞ്ഞു പരക്കും കോമളമാകുന്നു
ഇന്നും ചിന്തയിലുദിച്ചു പൊങ്ങും തെളിദീപ പ്രഭയില്‍
പൊന്നിന്‍ പൊലിമ കണക്കഴകേറും, നിസ്തുലമാകുന്നു
ഈറന്‍ മേഘവുമഴകിന്‍ ചാരുത വീശും കുളിരലയില്‍
തേരുതെളിച്ചു കുതിച്ചുഗമിച്ചതി ഭാസുരമാകുന്നു
തോരണമെങ്ങും സാഗരതിരപോല്‍ തഴുകും തരുണിമയില്‍
കാരണമായൊരു ഭാവപ്പൊലിമയിലലിഞ്ഞു ചേരുന്നു
എന്നോ കണ്ടൊരു സ്വപ്നം പോലീയോണം മറയുമ്പോള്‍
എന്നും പറയാനൊരു കധമാത്രം അവശേഷിക്കുന്നു
ആരോ ചൊല്ലിയൊരാനന്ദത്തിന്നീണം മീട്ടുമ്പോള്‍
ആരും കാണാതനുഭവ കദനം നീറിപ്പുകയുന്നു
ഓണം നല്ലൊരു സുദിനം ചൊല്ലാം പലകുറിയെഴുതുമ്പോള്‍
നാണം മാറ്റാനാവാതൊരു ജനമിവിടിന്നുഴലുന്നു
ഉണ്ണാനാവില്ലൊരുപിടിയെങ്കിലുമലഞ്ഞു തളരുമ്പോള്‍
വിണ്ണിനുമപ്പുറമെന്തോ തേടിപ്പറന്നു പരതുന്നു
നാടെങ്ങും പല കേളികളാടിത്തിമിര്‍ത്തു തുള്ളുമ്പോള്‍
നാടിന്‍ മക്കളിനുള്ളം തേങ്ങിത്തിങ്ങി വിതുമ്പുന്നു
പാടും പാട്ടിലൊരീണം പലകുറിയെന്നും മൂളുമ്പോള്‍
പാടാനാവാതൊരുകുലമിവിടെത്തളര്‍ന്നു മേവുന്നു
ഓണം വന്നെന്‍ മുറ്റം നിറയെ പൂക്കളമുണരുമ്പോള്‍
ഓരോ മണവും നെഞ്ചിലൊതുക്കിക്കനവുകള്‍ നെയ്യുന്നു
ഈണത്താലിന്നോണപ്പാട്ടിന്നീരടി കേള്‍ക്കുമ്പോള്‍
കാണാനാവുന്നില്ലതിലൊന്നും, ഹ്റ്ദയം നോവുന്നു
ഏതോ സത്യം പറയാനാവാതൊരു കധ പരതുമ്പോള്‍
വേദന മാത്രം ബാക്കിയതിന്‍ മുഖമണയാന്‍ വെമ്പുന്നു
ഏടുകളോരോന്നായിമറിച്ചതിലുള്ളം തേടുമ്പോള്‍
എഴുതിയ വരികള്‍ക്കിടയില്പ്പെട്ടെന്‍ വായനയിടറുന്നു
ഓണക്കധയിലെ മൂല്യം തേടിയരങ്ങുകള്‍ തകരുമ്പോള്‍
ഓടിയകന്നതിലാശയ സത്യം മണ്ണില്‍ മറയുന്നു
ഓരോ പദങ്ങളതിന്റെ ചുവടുകളാടിക്കഴിയുമ്പോള്‍
ഓതാനാവാതെന്‍ മനമറിയാതെന്നും തേങ്ങുന്നു
ഓര്‍മ്മകള്‍ വീണ്ടും മാടിവിളിച്ചൊരു തിരുവോണം വന്നൂ
ഓളമടിച്ചതിലുണരും രാഗിലഭാവങ്ങള്‍ തീര്‍ത്തു
എങ്കിലുമൊരുചെറു നൊമ്പരമുള്ളില്‍ എരിഞ്ഞു കത്തുന്നു
പങ്കിലഭാവം, നിറുകയിലൊരു കാല്‍ച്ചുവടായ് താഴ്ത്തുന്നു..

No comments: