Sunday, October 26, 2008

മോഹ ഭാവങ്ങള്‍
വെറുതെ ഞാനോര്‍ത്തുപോയ് വെറുതെയാണെങ്കിലും
വെറുതെ മനസ്സിന്നു ശാന്തി നല്‍കാന്‍
വേറെന്തു ചൊല്ലുവാന്‍ വേദനിക്കുമ്പോഴും
വേറിട്ടൊരോര്‍മ്മക്കു മാറ്റുകൂട്ടാന്‍
വിരസമാണിന്നെന്റെ വീറുള്ള മോഹത്തിന്‍
വൈരുധ്യമാര്‍ന്നൊരാ വിജയഭാവം
ഒരു നിലാ വെട്ടത്തില്‍ അലയുന്ന പ്രാണന്റെ
കരുണക്കു നിഴലാവുമാര്‍ദ്രഭാവം
ഒരു പണം തൂക്കത്തിലലിയുന്ന മോഹമാം
നറുമണം വീശിപ്പരന്ന ഭാവം
നീറുന്ന മാനസം കത്തിജ്വലിക്കുന്ന
നീരിനെ തേടുന്ന പ്രാണ ഭാവം
തീരാത്തൊരല്ലലില്‍ തേടുന്ന വീധിയില്‍
തോരാത്തൊരശ്രുവിന്‍ ദീന ഭാവം
എവിടെയോ ഞാന്‍ കണ്ട മോഹപ്പരുന്തിന്റെ
അവതാര ലീല പോല്‍ തീര്‍ത്ത ഭാവം
എന്തിനോ ഞാന്‍ തീര്‍ത്ത വേഷപ്പൊലീമയില്‍
മുന്തി നില്‍ക്കുന്നൊരാ ധാര്‍ഷ്ട്യഭാവം
നാരായ വേരിന്റെ നീരിടം വറ്റിച്ച
നേരിന്നൊരന്ത്യമാം മൂഢഭാവം
ഭാവങ്ങളത്രയും വേര്‍തിരിച്ചെന്നാലും
ബാക്കിയാവുന്നൊരാ മോഹഭാവം
വെറുതെയാണെങ്കിലും എന്നും മനസ്സിലെ
ചെറുതെന്നു തോന്നുമാ യുക്തിഭാവം
എത്രനാള്‍ കാത്തിരുന്നെന്നാലുമാവില്ല
സത്യമെന്നൊരുമാത്രയെന്ന ഭാവം
എങ്കിലും ഞാനോര്‍ത്തു, നിറയുന്ന ഭാവത്തില്‍
എന്നും തുടിക്കട്ടെ, ശാന്തി നല്‍കാന്‍..

No comments: