Sunday, October 26, 2008

അമ്മ
അമ്മയെന്നൊരുവാക്കു ചൊല്ലുമ്പോള്‍ മാനസം
അറിയാതെ വിങ്ങിത്തുടിച്ചു നില്പ്പൂ
അമ്മയെന്നാനാമമറിയുന്ന മാത്രയില്‍
അറിയാതെ നിറയുന്നൊരാത്മഹര്‍ഷം
ആദ്യാക്ഷരങ്ങളില്‍ അമ്മയെന്നൊരു നാമം
ആനന്ദപൂരണമയിരുന്നു
ആരും പറഞ്ഞിടാനാവാത്തൊരനുഭൂതി
അമ്മതന്‍ വാക്കിലുണ്ടായിരുന്നു
അന്നുതൊട്ടമ്മതന്‍ കൈവിരല്‍ത്തുമ്പിലെ
അറിയാത്തൊരനുബന്ധമായിരുന്നു
അതിലൂറുമാശ്വാസം നിറയുന്ന മാനസം
അതിരറ്റ പ്രതിഭാസമായിരുന്നു
അല്ലലിലഴകിന്റെ ചാരുത ചേര്‍ത്തെന്റെ
അമ്മയോരവതാരമായിരുന്നു
നന്മയിലൂറുന്ന വാക്കിന്റെ മാധുര്യം
സന്മനസ്സേറി വളര്‍ന്നിരുന്നു
അമ്മയെന്നറിവിന്റെ തോരണം ചാര്‍ത്തുമ്പോള്‍
കറ്മ്മങ്ങളാമോദമായിരുന്നു
ആരും പറയാത്തൊരാദിവ്യ ചേതസ്സായ്
അമ്മയുണ്ടെങ്കിലുണ്ടായിരുന്നു
നിറയുന്ന കീര്‍ത്തന മലരിന്റെ താരുണ്യം
നറുമണമെന്നും തുടിച്ചിരുന്നു
വെറുതെ നിനച്ചാലുമറിയാതെ കിനിയുന്ന
പരിമളപ്പാലാഴിയായിരുന്നു
എന്നും മനസ്സിന്റെ കൂരിരുള്‍ നീക്കുന്ന
പൊന്‍ ചന്ദ്ര ലേഖപോലായിരുന്നു
അന്നൊക്കെയെന്നുടെ ആലസ്യഭാവത്തില്‍
മിന്നുന്ന സാരസ്യമായിരുന്നു
എന്തിന്നുമേതിനും വിരസഭാവത്തിനും
സന്ത്വനപ്പരിവേഷമായിരുന്നു
ഏകനായിന്നുഞാനോര്‍ക്കുമ്പോള്‍, നാളതില്‍
ഏഴഴകിന്നൊളി മിന്നിടുന്നു
മൂകമാമിന്നെന്റെ ജീവന്റെ വീധിയില്‍
മാറാത്തൊരോര്‍മ്മ നിറഞ്ഞു നിള്‍പ്പൂ
ആരോടുമാരോടുമുരിയാടാനാവാതെ
ആരോരുമില്ലാത്തൊരേകനായി
എങ്കിലുമോര്‍ക്കുവാനുണ്ടെന്റെ ജീവനില്‍
തിങ്കള്‍പ്രഭാമയമാര്‍ന്ന കാലം
ഓര്‍ക്കുവാനുണ്ടെന്റെയുള്ളിന്റെയുള്ളിലായ്
ഓരായിരം പുണ്യമന്ത്രകാലം..!!

No comments: