Sunday, October 19, 2008

വെങ്കലം വിതുമ്പുന്നു
കേട്ടു ഞാന്‍ സസ്നേഹം, കോള്‍മയിര്‍ കൊണ്ടുവൊ
നാട്ടിലെന്‍ ശിലരൂപം വാര്‍ത്തിടുന്നൊ..?
മോടിയിലെന്നുമെന്‍ നാമധേയത്തിലായ്
ചൂടുവാന്‍ പൊന്തൂവല്‍ തീര്‍ത്തിടുന്നൊ..?
കത്തുന്ന വാക്കിന്റെ ഭ്രാന്താരവങ്ങളില്‍
കീര്‍ത്തിമത്ഭാവത്തിന്‍ മുദ്രയായൊ..?
മാരധര്‍, വഴിയോരക്കോലമായ് മാറിയൊ..?
ഭാരമായെന്നെന്നും മാലചാര്‍ത്താന്‍..
ശിലയായി മാറ്റിയൊ..വീണ്ടും കരങ്ങളാല്‍
ശിധിലീകരിക്കുവാന്‍ വേണ്ടി മാത്രം..?
വിരസമായ് മാറുന്ന..വികലമീ ചിന്തതന്‍
വിധിയായ് വിതുമ്പിയൊ വിലാപകാവ്യം..?
മലരണിക്കാടിന്റെ മാറ്റൊലി തീര്‍ത്തൊരെന്‍
മനമിന്നു തേങ്ങലിന്‍ നനവൂറിയൊ..?
മധുരമായ് പാടുന്ന മണിവീണ പോലുമീ
വിധി കണ്ടു വിറയാര്‍ന്നു പരിതപിച്ചൊ..?
ഞാന്‍ കണ്ട മാനുഷ സ്നേഹപ്പരിമളം
ഞാനെന്ന ഭാവത്തില്‍ മാഞ്ഞുപോയൊ..?
ഞാനന്നു തീര്‍ത്തൊരാ തൂലികത്തുമ്പിലെ
ജ്ഞാനാക്ഷരങ്ങളില്‍ കറപുരണ്ടൊ..?
സ്പന്ദനം വീണ്ടെടുത്തുണരുവാനായെങ്കില്‍
മന്ത്രിച്ചിടാം വീണ്ടുമാപ്തവാക്യം
കല്ലറക്കുള്ളില്‍ മയങ്ങിടാം ശാശ്വതം..
കല്ലെ‍റിയല്ലെയീ വെങ്കലത്താല്‍..!!

No comments: