Sunday, October 19, 2008

ശ്രുതിഭംഗം
ഇനി ഞാന്‍ വിളിക്കില്ല നിന്നെ..എന്റെ
പടിവാതില്‍ കയറുവാന്‍ വീണ്ടും
ഇനി ഞാന്‍ വിളിക്കില്ല നിന്നെ..എന്റെ
മനമൊന്നു കാണുവാന്‍ വീണ്ടും
ഇനിയെന്റെ തൂലികത്തുമ്പില്‍ കിനിയില്ല
കരുണതന്‍ കാവ്യ പ്രഭാവം
ഇനിയുമെന്‍ രാഗ ലയങ്ങളില്‍ നിറയില്ല
തനിമതന്‍ മോഹന ഭാവം
ഇനിയെന്റെ രാവിന്റെ മാറില്‍ ചുരത്തില്ല
പനിമതിപ്പാലാഴി നൂനം
ഇനിയെന്റെ വാടിയില്‍ വിടരാന്‍ വിതുമ്പില്ല
സുഖദമാം സൂന പരാഗം
ഇനി ഞാന്‍ കയര്‍ക്കില്ല പരുഷമാം വാക്കിന്റെ
മാറാല തീര്‍ക്കില്ല തെല്ലും
ഇനിയെന്റെ സൗന്ദര്യദാഹത്തിലുണരില്ല
പ്രണയമാരാധനപ്പൂക്കള്‍
ഇനി ഞാനുറങ്ങുന്ന നേരത്തു നിറയില്ല
മനതാരിലാനന്ദ സ്വപ്നം
ഇനിയെന്റെ മോഹവലയത്തില്‍ വിരിയില്ല
അഴകിന്റെ സാരസ്യ ഭാവം
ഇനി ഞാന്‍ വരില്ല നിന്‍ വഴിയില്‍ മനസ്സിന്റെ
കിളിവാതിലിന്‍ ഭാരമാവാന്‍
ഇനിയെന്റെയൊരു വാക്കു പോലും തഴുകില്ല
ശ്രുതിഭംഗമായ്, മനമിരുളാന്‍
ഇനി ഞാന്‍ തരില്ലെന്റെ നനവൂറുമുമ്മകള്‍
നനുനനക്കവിളിണപ്പൂവില്‍
ഇനിയെന്റെ ഭാവനാ ദീപം തെളിയില്ല
തിരിയിട്ടു നിസ്തുലമാവാന്‍
തരളമാമനുരാഗമിനിയെന്റെ ചിന്തയില്‍
പൂക്കില്ല, തൂമണം വീശുകില്ല
സ്വരമില്ല, ശ്രുതിയില്ല പരമമാ സത്യത്തില്‍
സ്മ്രിതിയില്ലൊരനുഭൂതിയാവാന്‍
ഇനി ഞാന്‍ വിളിക്കില്ല നിന്നെ..എന്റെ
പടിവാതില്‍ കയറുവാന്‍ വീണ്ടും
ഇനി ഞാന്‍ വിളിക്കില്ല നിന്നെ..എന്റെ
മനമൊന്നു കാണുവാന്‍ വീണ്ടും

No comments: