Sunday, October 19, 2008

സ്മ്റ്തിഗമനം
ഓര്‍മ്മകള്‍ മേയുന്ന പൂന്തോപ്പിലിന്നലെ
ഓടിനടന്നു കളിക്കുന്നേരം
ഒത്തിരി നേരമാ വാടിയില്‍ പൂക്കുന്ന
മുത്തും പവിഴവും കോര്‍ക്കുന്നേരം..
വെറുതെ മനസ്സിന്റെ ഏടുകള്‍ നീര്‍ത്തി ഞാന്‍
നിറയുന്നതെല്ലാമൊന്നയവിറക്കെ
പറയുവാനാവാത്തതേതോ സുഖത്തിന്റെ
പറ നിറയുന്നതും ഞാനറിയെ..
ചിരകാല സ്വപ്നങ്ങള്‍ തഴുകിയുണര്‍ന്നതും
ചിറകുകള്‍ വീശിപ്പറന്നു നടന്നതും
നിറദീപ മാലകള്‍ തോരണമായതും
മിഴിനീരില്‍ അവയെല്ലാം കഴുകിപ്പടര്‍ന്നതും..
അറിയാത്തതെന്തിനൊ വേണ്ടിത്തിരഞ്ഞതും
അറിവിന്റെയുള്ളം മലര്‍ക്കെ തുറന്നതും
അഹമെന്ന ഭാവത്തില്‍ അലറി നടന്നതും
അടിതെറ്റി വീണപ്പോള്‍ അവനെയറിഞ്ഞതും..
കരുണയാലെന്നുമെന്‍ കവിത വിരിഞ്ഞതും
കറപുരളാതെന്റെ തൂലിക ചേര്‍ന്നതും
സ്വരപധസന്‍‍ചാരിയായി നടന്നതും
സ്വരമെല്ലാം അപസ്വരമായിത്തകര്‍ന്നതും..
തേടുന്നതോരോന്നും നേടിയറിഞ്ഞതും
നേടിയതെല്ലാമെന്‍ സ്വന്തമെന്നോര്‍ത്തതും
മോടിയിലവയെല്ലാം ചേര്‍ത്തുപിടിച്ചതും
ഞൊടിനേരം കൊണ്ടവയെല്ലാം മറഞ്ഞതും..
ഇരുളിന്റെ വീധിയില്‍ പകലിനെയോര്‍ത്തതും
പകലിന്റെ മാറില്‍ പരിസരം മറന്നതും
നീണ്ടുള്ള യാത്രയില്‍ വഴിതെറ്റി നിന്നതും
വീണ്ടും മനസ്സന്നു വിധിയെ പഴിച്ചതും..
മിധ്യയെന്നോര്‍ത്തിട്ടും ഇറുകെ പുണര്‍ന്നതും
ചിത്തത്തിലൊത്തിരി ഭാവം കലര്‍ന്നതും
കത്തുന്ന തിരിവെട്ടം കനകമെന്നോര്‍ത്തതും
കത്തിപ്പടര്‍ന്നതിന്‍ ചാമ്പലായ് തീര്‍ന്നതും..
കാലം അനുസ്യൂതമായിരം ചക്രത്തില്‍
കോലം ചമച്ചു കറങ്ങിത്തിരിഞ്ഞതും
കേവലമൊരുപിടി മണ്ണിനോടൊപ്പമീ
കാലം കഴിയുമെന്നോര്‍ത്തു ചിരിച്ചതും..
ഓര്‍മ്മകള്‍ നീളുന്ന പാധയായു തീര്‍ന്നതും
ഓടിക്കിതച്ചു തളര്‍ന്നു കിടന്നതും
ഓടുന്ന ജീവന്റെയൊപ്പം നടന്നതും
ഒടുവില്‍ ഞാന്‍ എന്നിലേക്കെന്നെ നയിച്ചതും..

No comments: